കാവിപ്പാര്‍ട്ടിയുടെ കലികാലം


പിന്നിട്ട കാലത്തു ചെയ്ത പാപങ്ങള്‍ കഴുകിക്കളയാന്‍ ഏതൊരാള്‍ക്കുമെന്നപോലെ പാര്‍ട്ടിക്കും മാനസാന്തരമുണ്ടാവും. കഴിഞ്ഞ ദിവസം കാവിപ്പാര്‍ട്ടിക്ക് സംഭവിച്ചതും അത്രതന്നെ. 1925ല്‍ നാഗ്പൂരില്‍ മാതൃസംഘടന രൂപീകരിച്ചതു മുതല്‍ ഇങ്ങോട്ട് പറയാനുള്ളത് കൂട്ടക്കുരുതികളുടെയും രക്തച്ചൊരിച്ചിലിന്റെയും ചരിത്രം മാത്രം.

ഗോരാഷ്ട്രം സ്ഥാപിക്കാനുള്ള ബദ്ധപ്പാടിനിടെ മുന്നിലുണ്ടായ മുടക്കങ്ങള്‍ ഒഴിവാക്കുന്നതിന് സമാധാനത്തിന്റെയോ സമവായത്തിന്റെ യോ മാര്‍ഗം സ്വീകരിക്കാന്‍ തടസ്സം നിക്കര്‍ധാരികള്‍ക്ക് രസിക്കാത്ത പ്രത്യയശാസ്ത്രമായിരുന്നു. ഗാന്ധിജിയും ബാബരി മസ്ജിദും രാജ്യത്തെ ആയിരക്കണക്കിന് മുസ്ലിംകളും ഇവരുടെ കൊലക്കത്തിക്കിരയായതും അതുകൊണ്ടു തന്നെ. കാലത്തിന്റെ കണ്ണിലെ കരടായിട്ടായിരിക്കും നമ്മെ നാളെകള്‍ വിലയിരുത്തുകയെന്ന് അന്തം വിട്ട് ആലോചിച്ചപ്പോള്‍ മാനസാന്തരം വന്നത് സ്വാഭാവികം. അടിസ്ഥാന വര്‍ഗങ്ങളായ ദലിതുകളെ കൂടെക്കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നു നവനേതാവ്.

ഇരകള്‍ ശക്തിയാര്‍ജിക്കുകയും ഓരോ ഗ്രാമങ്ങളില്‍ നിന്നു കാവിക്കൊടി താഴുകയും ലാഹോറിലെയും കറാച്ചിയിലെയും നേതാക്കള്‍ സ്ഥാനമൊഴിയുകയും ചെയ്തപ്പോള്‍ എത്തിയ മുംബൈക്കാരന് സംഗതി പിടികിട്ടി.  ഇനി ദലിതുകളെയും കൂടെക്കൂട്ടണം. അതിനു കോളനികളിലേക്കും ചേരികളിലേക്കും ഇറങ്ങിച്ചെല്ലണം. പാര്‍ട്ടി ചിഹ്നമായ കൈപ്പത്തിയുയര്‍ത്തി ചുള്ളന്‍ ചെക്കന്‍ ലോക്കല്‍ തീവണ്ടിയിലും ആദിവാസികള്‍ക്കിടയിലും ചെത്തിനടക്കുകയും അന്തിയുറക്കം പതിവാക്കുകയും ചെയ്തപ്പോ കളിയാക്കേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു. എന്തേയിപ്പോ ഇങ്ങനെയെന്ന് മുഖത്ത് തോണ്ടി ചോദിക്കുന്നവരോട് മറുപടി പറയാനാകാതെ ആറടി മുളവടിക്ക് പിന്നിലൊളിക്കാന്‍ ശ്രമിക്കുകയാണ് അണികള്‍.