Monday, April 5, 2010

സായുധസേനയുടെ പ്രത്യേകാധികാരം

സൈനികനേതൃത്വത്തില്‍ ചിലര്‍ ശക്തമായി എതിര്‍ക്കുന്നുണ്െടങ്കിലും സായുധസേനയ്ക്കു പ്രത്യേകാധികാരം നല്‍കുന്ന നിയമം ഭേദഗതി ചെയ്യാനോ പിന്‍വലിക്കാനോ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നു എന്ന വാര്‍ത്ത ശുഭോദര്‍ക്കമാണ്. കശ്മീരിലെ ഹുര്‍രിയത്ത് കോണ്‍ഫറന്‍സും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യത്യസ്ത സംഘടനകളും കാലങ്ങളായി ഉന്നയിക്കുന്ന ഈ ആവശ്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട് എന്ന വാര്‍ത്ത മനുഷ്യാവകാശപ്രവര്‍ത്തകരെയും ആക്റ്റിവിസ്റുകളെയും കുറച്ചൊന്നുമല്ല ആഹ്ളാദഭരിതരാക്കുക.
ഇറോം ശര്‍മിള എന്നുപേരായ കവയിത്രി ഈ ആവശ്യമുന്നയിച്ചു പത്തുവര്‍ഷമായി പച്ചവെള്ളം പോലും കുടിക്കാതെ നിരാഹാരസമരം നടത്തുന്നു. തന്റെ ഉഗ്രന്‍ ശപഥത്തിനു വിഘ്നം വരാതിരിക്കാന്‍ വെള്ളത്തിനു പകരം ഉണങ്ങിയ ഇലകൊണ്ട് ദന്തശുദ്ധീകരണം നടത്തുന്ന ഈ യുവതി, മൂക്കിലൂടെ സര്‍ക്കാര്‍ ബലമായി നല്‍കുന്ന ദ്രാവകഭക്ഷണംകൊണ്ടാണു വര്‍ഷങ്ങളായി ജീവന്‍ നിലനിര്‍ത്തുന്നത്. രണ്ടായിരാമാണ്ടില്‍ പത്തു പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു കൊന്ന സൈനികഭീകരതയെ തുടര്‍ന്ന് സൈന്യത്തിന്റെ അമിതാധികാരം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടാണ് ഇറോം ശര്‍മിളയുടെ സമരം. ഇത്തരം അധികാരം കൈയാളുമ്പോള്‍ ഭരണകൂടചിഹ്നം തോക്കായി മാറുന്നു. അതുപയോഗിച്ച് ആരെയും വെടിവച്ചുകൊല്ലാം.

തോക്കിന്റെ ഇങ്ങേത്തലകൊണ്ട് ഇരയുടെ തല തല്ലിപ്പൊളിക്കാം. ഭയപ്പെടുത്തി എത്രയെങ്കിലും പേരെ ബലാല്‍സംഗം ചെയ്തു കൊല്ലാം. ഭര്‍ത്താക്കന്‍മാരെയും സഹോദരന്‍മാരെയുംകുറിച്ചു വിവരം നല്‍കാന്‍ ബലാല്‍സംഗമാണ് ഏറ്റവും ഫലപ്രദമായ ആയുധമെന്ന് ഇന്നോളം നടന്ന നൂറുനൂറു സംഭവങ്ങള്‍ വിളിച്ചുപറയുന്നു. ചോദ്യമോ ഉത്തരമോ ഇല്ല. ഒട്ടും വ്യത്യസ്തമല്ല കശ്മീരിലെ സ്ഥിതി. കശ്മീരില്‍ സൈനിക അതിക്രമത്തിന് ഏറ്റുമുട്ടലെന്ന ഓമനപ്പേരാണു നല്‍കിയിരിക്കുന്നത്. അനേകായിരങ്ങളെയാണ് അവിടെ നടന്ന ഏറ്റുമുട്ടലില്‍ കാണാതായത്. ഇത്തരം സംഭവങ്ങള്‍ വേണ്ടത്ര അവധാനതയില്ലാതെ കൈകാര്യം ചെയ്യുമ്പോഴാണ് ചിലതു കണ്ടുപിടിക്കപ്പെടുകയും ജനങ്ങള്‍ പ്രക്ഷോഭമായി തെരുവിലിറങ്ങുകയും ചെയ്യുന്നത്. അന്നേരമാണ് അതിന്റെ പേരില്‍ സൈന്യം പിടികൂടപ്പെടുന്നതും പ്രതിക്കൂട്ടിലാവുന്നതും. പക്ഷേ, ഇത്തരം സംഭവങ്ങള്‍ അത്യപൂര്‍വമാണ്.
ഇന്ത്യ ലോകത്തെ ഏറ്റവും ബൃഹത്തായ ജനാധിപത്യരാജ്യമാണെന്ന പെരുമ്പറകള്‍ക്കിടയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും കശ്മീരിലെയും ഇരകളുടെ ദീന അട്ടഹാസം പ്രതിധ്വനിയില്ലാതെ അലിഞ്ഞില്ലാതാവുന്നു. ശവക്കല്ലറയുടെ എണ്ണം പെരുകുകയല്ലാതെ അടിച്ചമര്‍ത്തലുകള്‍ ഭയന്നു ജനം പ്രതിരോധം അവസാനിപ്പിക്കുന്നില്ല എന്നതാണ് അനുഭവം. മന്‍മോഹന്‍ സിങിനും ചിദംബരത്തിനും നമ്മുടെ എ കെ ആന്റണിക്കുമെല്ലാം ഈ കൊടുംക്രൂരതയുടെ ഉത്തരവാദിത്തത്തില്‍നിന്നു പൂര്‍ണമായി കൈകഴുകുക സാധ്യമല്ല. അവസാന വിശകലനത്തില്‍ അവരാണല്ലോ കാര്യങ്ങളുടെ അമരത്ത്.

No comments:

Post a Comment